കുവൈറ്റ് സിറ്റി: രാജ്യത്ത് ഒരു വർഷത്തേക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കളുടെ കരുതൽ ശേഖരമുണ്ടെന്നും ഭക്ഷ്യസുരക്ഷയുടെ കാര്യത്തിൽ ആശങ്ക വേണ്ടെന്നും കുവൈറ്റ് വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു.
ആഗോള, പ്രാദേശിക സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. അരി, പഞ്ചസാര, ഭക്ഷ്യ എണ്ണ, പാൽപ്പൊടി തുടങ്ങിയ അത്യാവശ്യ സാധനങ്ങൾ ഉൾപ്പെടെയുള്ളവയുടെ വലിയ ശേഖരം രാജ്യത്തുണ്ട്.
നിലവിലെ കണക്കനുസരിച്ച് ആറ് മാസം മുതൽ ഒരു വർഷം വരെ സുഗമമായി മുന്നോട്ടുപോകാൻ ആവശ്യമായ സ്റ്റോക്ക് ലഭ്യമാണ്. രാജ്യത്തെ ഭക്ഷ്യ സുരക്ഷാ കമ്മിറ്റി സ്ഥിതിഗതികൾ നിരന്തരം വിലയിരുത്തി വരികയാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.
കൃത്രിമമായ വിലക്കയറ്റം സൃഷ്ടിക്കുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഉപഭോക്തൃ സഹകരണ സംഘങ്ങളുമായും വിതരണക്കാരുമായും സഹകരിച്ച് ഭക്ഷ്യവസ്തുക്കളുടെ ലഭ്യതയും വില നിലവാരവും ഉറപ്പുവരുത്താൻ മന്ത്രാലയത്തിന് കീഴിലുള്ള പ്രത്യേക സംഘം പരിശോധനകൾ നടത്തിവരികയാണ്.